Monday 19 June 2017

                                     

                                     എന്നെ തേടി...


എങ്ങോട്ടെന്നില്ലാതുള്ള യാത്രയായിരുന്നു.
ഒരു ചെറിയ യാത്രാവിവരണം പോലെ ഞാൻ എഴുതിച്ചേർക്കട്ടെ.!
കുറെയധികം മനുഷ്യ ജീവികളെ ഞാൻ കണ്ടു.
ഒന്നിനും മറ്റൊന്നിനും ഛായ ഉണ്ടായിരുന്നില്ല.
ചിലത് ജീവികളെ പോലെ..
മറ്റുചിലതോ ദൈവങ്ങളെ പോലെയും..
കുറച്ചുനാൾ ചിലതിനെ തന്നെ നിരീക്ഷിച്ചു.
കടലാസുതുണ്ടുകൾ വാരിക്കൂട്ടാൻ വെമ്പൽ കൊള്ളുന്നവർ.!
അന്നം കിട്ടാൻ എന്തും ചെയ്യുന്നവർ. !
സ്നേഹിതരെന്നു നടിച്ചു  സ്വയം പദവിയിലേക്കെത്തുന്നവർ. 
മറ്റു മനുഷ്യജീവികൾക്കു മുന്നിൽ അല്പം ഉയർന്നുനിൽക്കാൻ ആവോളം പരിശ്രമിക്കുന്നവർ. !
ആർക്കും കൊമ്പുണ്ടായിരുന്നില്ല.!
അഹങ്കാരം കണ്ടതുമില്ല.!
കാര്യസാധ്യത്തിനായി ചങ്ങാതിയായി, ശേഷം പിന്നിൽ നിന്നാഞ്ഞടിക്കുന്നവർ.!
പക്ഷെ, എന്റെയീ രണ്ടു കണ്ണുകൾ കാണാതെ പോയി.
സൗന്ദര്യമുള്ളവരോട് മാത്രം സംസാരിക്കുന്നവർ. !
ഉള്ളിന്റെയുള്ളിലൊരു മനസുണ്ടന്നറിഞ്ഞിട്ടും,
അതിൽനിന്നു രക്തമൂറ്റിക്കുടിച്ചു സ്വയം ആഹ്ലാദിക്കുന്നവർ. !
അമ്മയല്ലങ്കിൽകൂടി അമ്മയെപ്പോലാകുന്നവർ. !
കൂടെയുള്ളപ്പോൾ തന്നോളം വിശ്വസിക്കുന്നവർ.!
അങ്ങനെ ആർക്കും പരസ്പരം സാമ്യമില്ല.!
ചിലപ്പോൾ എന്നെയും ഇതുപോലാരോ അവരുടെ കണ്ണുകൾ കൊണ്ട് കാണുന്നുണ്ടാവാം..!
ചിന്തക്കു ചിതലെടുക്കുവോളം നീളട്ടെ ഈ യാത്ര.!
എൻറെ ഛായ എവിടെയെങ്കിലും കാണാൻ കഴിഞ്ഞവെങ്കിലോ..!

Monday 20 March 2017




പെണ്ണ്...




പെണ്ണ്...
സകലവും സഹിക്കാൻ വിധിക്കപ്പെട്ട ആർത്തവക്കാരി.
ഇരുപതു എല്ലുകൾ പൊടിയുന്ന വേദനയാൽ പുതു തലമുറയ്ക്ക് ജന്മം നല്കിയോൾ.
സ്വന്തം വീടുപോലും സ്വന്തമല്ലാത്തവൾ.!
അവളാണു പെണ്ണ്. പകയില്ലാത്ത അഹങ്കാരി.!
മറ്റാർക്കൊക്കെയോ വേണ്ടി എരിഞ്ഞു തീരുമ്പോൾ ,
ഉറ്റവരും ഉടയവരും നിനക്കായ് എഴുതിക്കുറിക്കുന്ന അടിക്കുറിപ്പോ "വിധി".!
ഉള്ളം പറിച്ചു നല്കാൻ തയ്യാറായിരുന്നാലും സമൂഹം കുറിക്കുന്ന വിളിപ്പേര് "കള്ളി"..!
ദൈവത്തിന് ശാപം പോലെ നൊന്തുപെറ്റ ഓമന പൈതലും മാനം നശിപ്പിക്കുമ്പോൾ
 പ്രതികരിക്കാൻ കെല്പില്ലാത്തവൾ.
അവളാണു പെണ്ണ്. പകയില്ലാത്ത അഹങ്കാരി.!
ബലഹീനയാണവൾ..പെണ്ണ്..!
കണ്ണീരും, സ്നേഹവും, സന്തോഷവും കലർന്ന പച്ചയാം മനസുണ്ടവൾക്ക്..
എങ്കിലോ.. ഒന്നുറക്കെ കരയാൻ പോലും അര്ഹതയില്ലാത്തവൾ.
അവളാണു പെണ്ണ്..
സകലവും സഹിക്കാൻ വിധിക്കപ്പെട്ട ആർത്തവക്കാരി.

Sunday 19 February 2017

ഭ്രാന്ത് ..!


ഈ ഭ്രാന്തിന്റെ ഉത്ഭവം എവിടെനിന്നെനിക്കറിയില്ല,
ലോകം മുഴുവൻ കാണത്തക്ക ഉയരത്തിൽ പാറി പറന്നെത്തിയതിനാലാവാം.
ചിലപ്പോൾ, താഴെ വിണ്ണിൽ കാണുന്ന മിന്നാമിനുങ്ങിന്റെ 
അപ്രാപ്യമാം ഭംഗിയാലാവാം. 
ഭാവിയെ എത്തിപ്പിടിപ്പിക്കുമ്പോൾ എവിടെയോ ചെറു പേടിയും തോന്നുന്നുവെങ്കിലോ! എന്തിനോ വേണ്ടി..!!
അങ്ങ് ദൂരെ ആകാശത്തിൽ പാറിപ്പറക്കുന്ന മഴ പക്ഷികൾ 
ഒരുപക്ഷെ കാർമേഘത്തെ ക്ഷണിച്ചു വരുത്തുമെങ്കിലോ ?
അറിയില്ല, നിനക്കും നിന്റെ ചലനങ്ങൾക്കും ,  നിന്റെ വാക്കുകൾക്കും 
ആ കാർമേഘത്തെ കാറ്റാടിച്ചോടിക്കുംപോൽ മായ്ക്കുവാൻ കഴിയുമോയെന്ന്. 
എങ്കിലും വിശ്വാസമാണു നിന്നെ..
എന്നിലെ, എൻ ജീവനിലെ,ഓരോ ശ്വാസ കണികക്കും വിശ്വാസമാണു നിന്നെ.
അതിനാലാവാം ഈ ഭ്രാന്തിനെ എന്നെക്കാളുപരി ഞാൻതന്നെ സ്‌നേഹിച്ചു താലോലിക്കുന്നതും.!

Wednesday 7 September 2016

കാഴ്‌ചക്കുമപ്പുറത്തേയ്‌ക്ക്‌ 



കാണുന്ന ഓരോ കാഴ്ചകൾക്കും അർഥം ഉണ്ടായിരുന്നു.
ചോദ്യങ്ങളോ സംശയങ്ങളോ ഒന്നും തന്നെ ഇല്ലാത്ത പലതരം കാഴ്ചകൾ..
ഒന്നാം തരത്തിലെ റൂളി പെൻസിലുകളുടെ കൊതിയടക്കാൻ പറ്റാത്ത ഗന്ധം പോലെ വിവിധങ്ങളായ മനുഷ്യന്റെ കണ്ണുകൾ.
ചില കണ്ണുകൾക്ക് കരുണയുടെ ഗന്ധമായിരുന്നു, ചിലതിനു കാമത്തിന്റെയും, മറ്റുചിലതിനു മനുഷ്യമൃഗത്തിന്റെയും..
എങ്കിലും അസ്വസ്ഥമായ ചിന്തകൾ ഒന്നും തന്നെ ഉണ്ടായില്ല.
ദേവലോകത്തിന്റെ അങ്ങേ അറ്റത്തേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.
കറുത്ത മേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന ചന്ദ്രന്റെ പുഛഭാവവും ഞാൻ കാണാതിരുന്നില്ല.
എല്ലാവരും സ്വാർഥരാണ്‌.. ഞാനടങ്ങുന്ന ഈ ലോകവും, ലോകത്തിലെ ജലകണങ്ങൾ പോലും.
കണ്ണുകൾ അന്ധമാകാൻ ആരംഭിച്ചു. 
എന്റെയും... 

Wednesday 17 August 2016


സൂചകചോദ്യം 




ശരീരത്തിനും മനസ്സിനും ഇരുട്ടു ബാധിച്ചു തുടങ്ങിയിരുന്നു. കൈകൾ മുഖത്തോടു ചേർത്തുവച്ചു ശ്വാസം വലിച്ചുവിട്ട് മനസ്സിനെ തണുപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു; നിത്യേ... എനിക്കൊരു വല്യ എഴുത്തുകാരിയാവണം. തമാശ എന്നപോലെ എനിക്ക് തോന്നിയെങ്കിലും അവൾ പറഞ്ഞു നീ ഇനിയും കുത്തി കുറിക്കാൻ തുടങ്ങണം. ഓര്മ കുറിപ്പുകൾ സൂക്ഷിച്ചു വയ്ക്കുന്ന ഡയറി പോലും മറന്നു പോയിരുന്നു .. പ്രണയം എന്ന മൂന്നക്ഷരങ്ങൾക്ക് ജീവനെ പോലും നിശ്ചലമാക്കാൻ കെൽപ്പുണ്ടായിരുന്നുവോ ? പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ അനേകായിരം സ്വപ്‌നങ്ങൾ ഈരണ്ടു നിമിഷങ്ങൾക്കുള്ളിൽ മാഞ്ഞു പോയത് പോലെ. ഇന്നലെ കഴിഞ്ഞു പോയതാണോ, അതോ ഇപ്പോഴും വർത്തമാന കാലത്തിൽ തന്നെയോ? ഒന്നിനും പൂർണമായ അർദ്ധം നൽകാതെ എന്റെ മനസ്സു പറഞ്ഞു; വീണ്ടും എഴുതി തുടങ്ങണം. അല്പമെങ്കിൽ പോലും അത് യാഥാർഥ്യത്തിലേയ്ക്കാവണം. ഞാൻ ഒരുപാട് മാറി. അല്ലേ നിത്യേ..?? ഒന്ന് ചിരിച്ചതല്ലാതെ മറുപടി ഒന്നും കിട്ടിയില്ല. ഒരു വിഡ്ഢിയുടെ അഗാധമായ ആലോചന എന്ന പോലെ കുറെ ചിന്തിച്ചു.. എല്ലാത്തിനും ഒരു അതിരു നിശ്ചയിച്ചു വീണ്ടും ചോദ്യങ്ങൾ ഞാൻ ആവർത്തിച്ചു... 

Thursday 16 June 2016

ഒരു ബസ്സ്യാത്ര..!  

                              

       ഒരു ചെറിയ യാത്രയിലായിരുന്നു ഞാൻബസ്സിൽ കയറുന്നതിനു മുന്പുതന്നെ ഉറങ്ങുന്ന ശീലം എനിക്ക് പതിവാണ്പരിസരബോധം അല്പം പോലും തൊട്ടു തീണ്ടാത്ത അവസ്ഥപതിവ് പോലെ അന്നും ബസ്സിൽ കയറിയതെ ഉറക്കം ആരംഭിച്ചു.. ഉറക്കം തൂങ്ങി തുടങ്ങിയതെ തൊട്ടടുത്തിരുന്ന വല്യമ്മ എന്നെ ഒന്ന് തോണ്ടിദേഷ്യം വന്നെങ്കിലും ചിരിച്ച മുഖത്തോടെ ഞാൻ ചോദിച്ചു എന്താ അമ്മമ്മേമോളെ  ബിസ്കെറ്റ് ഷുഗർ ഉള്ളൊരു കഴിക്കുന്നതാണോബിസ്കെറ്റ് വാങ്ങി നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു അതെ ഇതു ഷുഗർ ഫ്രീയാ... അല്ലമോള് എവിടുത്തെയാനല്ല കണ്ടുപരിചയം ഉണ്ടല്ലോഞാൻ ഒന്ന് ചിരിച്ചു മറുപടി നല്കിഅല്പം ഉറക്കെ വല്യമ്മ പറഞ്ഞു,  ഒഹ്.. ചാണ്ടി ചെട്ടന്റെ കൊച്ചുമോളാ ല്ലേ?. . ബസ്‌ കുറച്ചധികം മുൻപോട്ടു നീങ്ങി.
         വീണ്ടും ഉറക്കം ആരംഭിക്കാനുള്ള പുറപ്പാടാണെന്നു മനസിലാക്കിയാവണംവല്യമ്മ വീണ്ടും എന്നെ ഒന്ന് തോണ്ടിമോള് പഠിക്കുവാണോഏതു പള്ളിലാ പോവുന്നെ?? ഞാൻ പറഞ്ഞുആഹ്ഞാൻ പഠിക്കുവാഎന്താ അമ്മമ്മേ കല്യാണാലോചന ആണോ ? ഒന്ന് ചിരിച്ചതല്ലാതെ വല്യമ്മ ഒന്നും മിണ്ടിയില്ല.. വല്ലാത്ത നടുവിന് വേദനയാ തണുപ്പിന്റെയാവും വല്യമ്മ പിറുപിറുത്തു.

                                          പഞ്ഞമാസത്തിലെ മഴക്ക് അല്പം തണുപ്പ് കൂടുതലാണ്മഴ പെയ്തു തൊർന്നതിനാലാവാണം ബസ്സിന്റെ ഷട്ടർ ഉയർത്തിയപ്പോൾ മഴത്തുള്ളികൾ മുഖത്തേയ്ക്ക് ആഞ്ഞടിക്കുന്നുണ്ടായിരുന്നുവല്ലാത്തൊരു സമാധാനം തോന്നികുറെയധികം ഗ്രഹാതുരത്വവുംമഴത്തുള്ളികൾ തട്ടി തടഞ്ഞ മരച്ചില്ലകൾക്കും ഇലകൾക്കും പതിവിലേറെ ഭംഗിയും തോന്നാതിരുന്നില്ലപ്രകൃതി  സൗന്ദര്യം അങ്ങനെ  ആസ്വദിച്ചു മുന്നോട്ടു പോവുമ്പോൾ വല്യമ്മ വീണ്ടും എന്നെ ഒന്ന് തോണ്ടി... അല്ല മോളെ കല്യാണാലോചന ഒക്കെ ആവുമ്പോ പറയണേനല്ല ചെക്കന്മാർ ഉണ്ട്അമ്മമ്മ ചെറിയൊരു കല്യാണ ബ്രോക്കർ ആണല്ലേ ? ചെറിയൊരു പരിഹാസത്തോടെ ഞാൻ ചോദിച്ചുജീവിക്കണ്ടേ മോളെ... ചെറുതായും വലുതായും വല്യമ്മ ചിരിച്ചുകൊണ്ട് തന്നെ മറുപടി പറഞ്ഞു.. ജീവിക്കാൻ വേണ്ടി മനുഷ്യൻ ഓടുന്ന നെട്ടോട്ടം ആലോച്ചപ്പോഴേക്കും വണ്ടി വലിയ ബസ്സ്‌ സ്റ്റാൻഡിൽ നിർത്തിയിരുന്നു..പെട്ടന്നാണ് ഒരു വലിയ ശബ്ദം കേട്ട് ബസ്സിനുള്ളിലെയ്ക്ക് ഞാൻ നോക്കിയത്ഒരു മലയാളം ഇംഗ്ലീഷ്  നിഘണ്ടു വില്പനയുമായി എത്തിയ മനുഷ്യൻഅയാളുടെ സംസാരം വളരെ ആകർഷകമായിരുന്നു.

    
       " കന്യാസ്ത്രീ മഠത്തിനെ നമ്മൾ ഇംഗ്ലീഷിൽ കോൺവെനറ് എന്ന് പറയും എന്നാൽ കന്യാസ്ത്രീയെ എന്ത് പറയും?, അതുപോലെ തേങ്ങക്ക് ഇംഗ്ലീഷിൽ കോക്കനട്ട് എന്ന് പറയും എന്നാൽ കരിക്കിന് ഇംഗ്ലീഷിൽ എന്ത് പറയും ?, ആനക്ക് എലഫെനറ് എന്ന് പറയും ആന പാപ്പാന് എന്ത് പറയും?  നമ്മൾ ദിവസേന ഉപയോഗിക്കുന്ന മത്തിഅയലകരിമീൻ എന്നെ മത്സ്യങ്ങൾക്ക് ഇംഗ്ലീഷിൽ എന്ത് പറയും.? ചിലർ കരിമീനിനു ബ്ലാക്ക്‌ ഫിഷ്‌ എന്ന് പറയും എന്നാൽ അത് തെറ്റാണ്ഇത്തരത്തിലുള്ള ഇംഗ്ലീഷ് വാക്കുകൾ വെറും 20 രൂപക്ക് നിങ്ങള്ക്ക് ലഭ്യമാണ്." ഇതു പറഞ്ഞു തീർന്നതും 20 രൂപയുടെ നിഘണ്ടു വാങ്ങാൻ ബസ്സിലെ സകല ആളുകളും ക്യൂ ആയിഅങ്ങനെ സന്തോഷത്തോടെ 20 രൂപ എണ്ണി പോക്കെറ്റിലിട്ട് അയാള് ബസ്സിൽ നിന്നും ഇറങ്ങികുറച്ചധികം അത്ഭുതത്തോടെ ഞാൻ അയാളെ തന്നെ ശ്രദ്ദിച്ചുവളരെ സന്തോഷവാനായി അയാൾ അടുത്ത ബസ്സിലെക്ക് കയറിഅപ്പോഴേക്കും ബസ്‌ വീണ്ടും ഓടി തുടങ്ങിസമയം തെല്ലു നീങ്ങി ശ്വാസം ഒന്ന് വലിച്ചുവിട്ടു കൈകൾ നെഞ്ചോടു ചേർത്ത് ഞാൻ മനസ്സിൽ പറഞ്ഞു “ഞാൻ സന്തോഷവതിയാണ്”വീണ്ടും വല്യമ്മ എന്നെ തോണ്ടിഞാൻ കുറച്ചു ദേഷ്യത്തോടെ നോക്കിഎനിക്ക് ഇറങ്ങാറായി പോകുവാണേ.. ഞാൻ പ്രാർഥിക്കാം കേട്ടോ പഠിച്ചു മിടുക്കിയാവ്പറഞ്ഞതൊന്നും മറക്കണ്ടാട്ടോ വല്യമ്മ കൂട്ടിച്ചേർത്തു... ശരി അമ്മമ്മേബസ്സ്‌ വീണ്ടും നീങ്ങി തുടങ്ങി... ഒപ്പം  ഒന്നും പറഞ്ഞു തീർക്കാതെ കർക്കിടക മാസത്തിലെ മഴയും...

Tuesday 7 June 2016

അവൾ ഓടുത്തു ??




           ചിലപ്പോഴൊക്കെ വിഷാധ രോഗത്തിനടിമ എന്നതുപോലെയാണ് ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതും. ഭയമുള്ളവർ കടുകുമണിയോളം വലുപ്പമുള്ള കാര്യങ്ങളെ കൃഷ്ണമണിയോട് ചേർത്ത് വച്ച് മാത്രമേ കാണാറുള്ളു എന്ന് ആരോപറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് തോന്നതിരുന്നിട്ടില്ല എന്നതാണ് വാസ്തവം. പി ജി പഠനത്തിനിടെ ഞാൻ ഒന്നുമല്ല എന്ന തോന്നലുകൾ മനസിലേയ്ക്ക് വന്നു ചേരുമ്പോൾ, നീ ബേജാറാവാണ്ടിരിക്ക് അഗ്ന്സേ എന്ന് സമാധാനിപ്പിക്കുന്ന ഒരു കണ്ണൂർക്കാരി  സുഹൃത്ത് എനിക്കുണ്ടായിരുന്നു. മലയാള ഭാഷയെ വളച്ചൊടിച്ചു രസകരമായ രീതിയിലാണ് അവളുടെ വ്യഖ്യാനമെങ്കിലും, അതിനെ ഉൾക്കൊള്ളാൻ എനിക്കും ആദ്യം സാധിച്ചിരുന്നില്ല. പക്ഷെ, അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞപ്പോളെക്കും ഓൾടെ മലയാള ഭാഷ എന്റെ നാവിൽ നിന്നും വരാതിരുന്നില്ല..
      എന്തിനെയൊക്കെയോ ഓർത്തു ടെൻഷനടിക്കൽ എനിക്ക് പതിവായിരുന്നു. പ്രധാന കാര്യം ജയവും തോൽവിയും തന്നെഅതിനു സമാധാനിപ്പിക്കൽ മുഴുവൻ കണ്ണൂർക്കാരി സുഹൃത്തും. അവൾക്കു അക്കാര്യത്തിൽ പേടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരീക്ഷയുടെ തലേദിവസം പോലും സന്തോഷവതിയായി പഠിക്കാതെ നടക്കുമ്പോൾ അത് കണ്ടു ഞാൻ ആകുലപ്പെടുന്നതല്ലാതെ അവൾക്കു ഭാവ വ്യത്യസ്യം യാതൊന്നും ഉണ്ടാവില്ല. പക്ഷെ റിസൾട്ട്വരുമ്പോൾ ദൈവാനുഗ്രഹം മുഴുവൻ അവള് തന്നെ ചോർത്തിയെടുതതായി ആർക്കും തോന്നും . ഭൂഗോളത്തിലെ സകല മനുഷ്യനോടും എനിക്ക് കുശുമ്പ് തോന്നതിരുന്നിട്ടില്ല. പക്ഷെ അവളോട്മാത്രം യാതൊരു കുശുമ്പും തോന്നിയിട്ടില്ല എന്നുള്ളത് പച്ചയായ സത്യം മാത്രമായിരുന്നു. യൂണിവേഴ്സിടി പരീക്ഷയുടെ തലേന്നാൾ പോലും അവൾക്കു പഠിക്കാനുള്ളത് വിട്ട് എന്റെ വിഷയം പറഞ്ഞു തരുമായിരുന്നു. ഇംഗ്ലീഷിൽ അല്പo പിന്നിലായിരുന്ന എന്നെ ഉന്തി തള്ളി എല്ലാത്തിനും കയറ്റി വിട്ടിരുന്നു.

  കണ്ണൂർ മലയാളത്തെ അത്രമാത്രം ഇഷ്ടപ്പെട്ടതും അതുകൊണ്ടാവാം. വന്നീനി, പോയീനി, കേട്ടീനി, ഓടുത്തു, പോണേ, എന്റെ മുത്തപ്പനാണെ, ഏട്ടി, കുട്ടന്കുഴിക്കുന്നു, മതിലു തുള്ളി എന്നിങ്ങനെ മാല പോലെ നീളുന്ന വേറിട്ട കണ്ണൂർ മലയാളത്തിനെ എഴുതിപ്പിടുപ്പിച്ചു അതിന്റെ ഭംഗി കളയുന്നത് ശരിയല്ല എന്ന് എനിക്കും അറിയാമെങ്കിലും, പറയാതെ വയ്യ. അത്ര തിരക്കിട്ട് എവിടെയെങ്കിലും പോവാനിരിക്കുമ്പോൾ സമയമെത്രയായി എന്ന് ചോദിച്ചാൽ മുന്നത്തെതിനെക്കാൾ ഒരു അഞ്ചു മിനിറ്റ് കൂടുതലായിട്ടുണ്ട് എന്ന് പറഞ്ഞു അല്പം ദേഷ്യം പിടിപ്പിക്കാനും കൂടെ ചിരിക്കാനും സാധിക്കൽ അല്പം ബുദ്ധിമുട്ടാണ്. മടിയാൻ മല ചുമക്കുമെന്നുള്ള പഴമൊഴി  വളരെ തെറ്റാണെന്ന് തെളിയിക്കുവാനും അവൾക്കു കഴിഞ്ഞു. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് ദൈവം തമ്പുരാൻ എല്ലാവർക്കും കൊടുക്കില്ല, ഒപ്പം ഇങ്ങനെ ആവാനും. പകരം കൊടുക്കാൻ ശൂന്യമായ കൈകളല്ലാതെ മറ്റൊന്നും ഇപ്പോഴെനിക്കില്ല. പക്ഷെ, നിമിഷകവി എന്ന് തമാശക്കായാൽ പോലും പേരിട്ട നല്ല ചങ്ങാതിയോട് ജീവിതാവസാനം വരെ ഒർതൊലാമെന്ന് ഒരു വാക്ക്. അത് മാത്രം.